2012, ഏപ്രിൽ 29, ഞായറാഴ്‌ച

നിങ്ങളുടെ വൈകാരികഅക്കൌണ്ടുകളെ സൂക്ഷിക്കുക.

സമ്പത്തിനെ ബാധിക്കുന്നതൊക്കെ മനുഷ്യന്‍ അതീവ ഗൌരവമായി കാണുന്നു. വേണ്ടതുതന്നെ. പക്ഷെ ഇവിടെ പറയാന്‍  പോകുന്നത് ബാങ്ക് അകൌണ്ടുകളേക്കാള്‍  ഗൌരവമേറിയ ചില അക്കൌണ്ടുകളെക്കുറിച്ചാണ്. ഒരു പക്ഷെ അതിനെക്കുറിച്ച് നിങ്ങള്‍ ഇതുവരെ ശ്രദ്ധിച്ചിരുന്നില്ല എന്ന് വന്നേക്കാം. 


നല്ല സ്വഭാവത്തോടെ മറ്റുള്ളവരോട് പെരുമാറണം എന്നാഗ്രഹിക്കാത്തവര്‍ ആരാണുള്ളത്. അഥവാ ആരെങ്കിലും അങ്ങനെയുണ്ടെങ്കില്‍ അവരും മറ്റുള്ളവര്‍ തങ്ങളോട് നന്നായി പെരുമാറണം എന്നാഗ്രഹിക്കുന്നവരല്ലേ. തീര്‍ച്ചയായും അതെ എന്നായിരിക്കും ഇതിന് നല്‍കപ്പെടുന്ന ഉത്തരം. പക്ഷെ ജനങ്ങളെക്കുറിച്ച് നമുക്കുള്ള ഏറ്റവും വലിയ പാരാതി അവരുടെ സ്വാഭാവം മോശമാണ് എന്നതല്ലേ. നാം ഒരാളെക്കുറിച്ച് നല്ലവന്‍ /മോശക്കാരന്‍ എന്ന് വിലയിരുത്തുന്നതിന്റെ അടിസ്ഥാനം എന്താണ്?. അദ്ദേഹത്തിന്റെ സ്വാഭാവമല്ലേ.

നന്നായി പെരുമാറണം എന്ന് നമുക്ക് അറിയാം. അതിന്റെ പ്രാധാന്യവും പ്രസക്തിയും പ്രയോജനവും നമുക്കറിയാം. സല്‍സ്വഭാവത്തെക്കുറിച്ച ധാരാളം മഹദ് വചനങ്ങള്‍ നമുക്ക് മനപ്പാഠമാണ്. ഇസ്ലാം പോലുള്ള ചില മതങ്ങള്‍ ഇക്കാര്യം സജീവമായി ഉദ്ബോധിപ്പിച്ചുകൊണ്ടേയിരിക്കുന്നു. എന്നാല്‍ ഈ ധര്‍മശാസനക്കനുസരിച്ച ഒരു നല്ല പെരുമാറ്റം മതവിശ്വാസികളില്‍നിന്ന് പ്രത്യേകമായി മറ്റുള്ളവര്‍ക്ക് അനുഭവഭേദ്യമാക്കുന്നുണ്ടോ ?. ഇല്ല എന്നാണ് ഏറെക്കുറെ അനുഭവം.

എന്തൊക്കെയാണ് അവര്‍ പഠിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. സല്‍സ്വഭാവം സര്‍വസ്വമായി കാണുന്ന വിധമാണ് ഇസ്ലാമിന്റെ ഉദ്ബോധനങ്ങള്‍ ... ഉത്തമ സ്വഭാവത്തിന്റെ പൂര്‍ത്തീകരണത്തിന് വേണ്ടിയാണ് ഞാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത് എന്ന് പോലും മുഹമ്മദ് നബി അരുളുന്നു. ഏറ്റവും പൂര്‍ണനായ വിശ്വാസി ഏറ്റവും നല്ല സ്വഭാവക്കാരനാണ് എന്നും അന്ത്യദിനത്തില്‍ എന്നോട് ഏറ്റവും സമീപസ്ഥാനത്തുണ്ടായിരിക്കുക നിങ്ങളില്‍ ഏറ്റവും നന്നായി ജനങ്ങളോട് പെരുമാറുന്നവനാണ് എന്നും മുഹമ്മദ് നബി ഉദ്ബോധിപ്പിക്കുന്നു. മരണശേഷമുള്ള വിചാരണ നാളില്‍ ഏറ്റവും കൂടുതല്‍ വിലമതിക്കപ്പെടുക സല്‍സ്വഭാവത്തിനായിരിക്കും എന്നും അദ്ദേഹം ഉണര്‍ത്തി. അത് മാത്രമല്ല സല്‍സ്വഭാവത്തിന്റെയും ദുസ്വഭാവത്തിന്റെയും വളരെ നേരിയ വിശദാംശങ്ങള്‍ പോലും നൂറുക്കണക്കിന് തിരുവചനങ്ങളിലോടെ ലോകത്തിന് നല്‍കിയാണ് ആ തിരുദൂതന്‍ കടന്നുപോയത്. ഇതര മതങ്ങളുടെ വേദഗ്രന്ഥങ്ങളിലും സമാനമായ തത്വങ്ങളും നിര്‍ദ്ദേശങ്ങളും കാണാന്‍ കഴിയും.

നല്ല സ്വഭാവത്തോടെ വര്‍ത്തിക്കാന്‍ ഇത്തരം നിയമനിര്‍ദ്ദേശം മാത്രം മതിയോ? മതിയായിരുന്നെങ്കില്‍ ഇത് വായിച്ചു പഠിച്ചവരൊക്കെ ഉത്തമ സ്വഭാവക്കാരായി മാറേണ്ടതായിരുന്നു. അത് സംഭവിച്ചിട്ടില്ല അതിന് ചില പ്രയോഗികവും ശാസ്ത്രീയവുമായ പാഠങ്ങള്‍കൂടി വേണ്ടതുണ്ട്. പുണ്യപ്രവാചകന്‍മാര്‍ തങ്ങളുടെ പ്രവര്‍ത്തനത്തിലൂടെ അത് പഠിപ്പിച്ചിട്ടുണ്ട്. പക്ഷെ അവയെ നാം ആ നിലക്ക് വിശകലനം ചെയ്തിട്ടില്ല. ആധുനിക മനശാസ്ത്രപാഠങ്ങളെ മുന്നില്‍വെച്ച് ഈ വിഷയത്തില്‍ ശാസ്ത്രീയവും യുക്തിപരവും പ്രമാണപരവുമായ ചില പ്രയോഗിക നിര്‍ദ്ദേശങ്ങളാണ് ഇനി പറയാന്‍ പോകുന്നത്. ഇതിന് ആദ്യമായി ചില സാങ്കേതിക പദങ്ങളെ പരിചയിക്കുന്നത് അത്യാവശ്യമാണ്.

വൈകാരികമായ ബാങ്ക് അക്കൌണ്ട്

ഇത് എന്ത് ബാങ്ക് എന്ന് ചിന്തിക്കുന്നുണ്ടാവും. സാധാരണ ബാങ്കിനെക്കുറിച്ച് നമുക്ക് അറിയാം. നാം അതില്‍ പണം നിക്ഷേപിച്ചുകൊണ്ടിരിക്കുന്നു. ആവശ്യമായ സന്ദര്‍ഭത്തില്‍ പണം പിന്‍വലിക്കുന്നു. മുഴുവന്‍ പണവും പിന്‍വലിച്ചാല്‍ ബാങ്ക് അകൌണ്ട് ശൂന്യമാകും പിന്നീട് നമുക്ക് പണം പിന്‍വലിക്കാനാവില്ല. അത്തരം സന്ദര്‍ഭത്തില്‍ നമ്മളുമായി നേരിയ ബന്ധമെങ്കിലും നിലനിര്‍ത്താന്‍ ഒരു മിനിമം ബാലന്‍സ് എങ്കിലും ഉണ്ടാവണം എന്ന് ബാങ്കുകള്‍ നിബന്ധന വെക്കാറുണ്ട്. ഇത്തരം ബാങ്കില്‍ അക്കൊണ്ട് ഉള്ളവരും ഇല്ലാത്തവരുമൊക്കെ നമ്മുടെ കൂട്ടത്തിലൂണ്ടാകും എന്നാല്‍ വൈകാരികമായ ബാങ്ക് അക്കൊണ്ട് ഇല്ലാത്തവര്‍ നമ്മില്‍ ആരും ഉണ്ടായിരിക്കുകയില്ല.

എന്താണ് വൈകാരികമായ ബാങ്ക് അക്കൌണ്ട്?.

ഒരോ മനുഷ്യനിലും അതിബൃഹത്തായ സംഭരണശേഷിയോട് കൂടിയ ഒരു മാനസികതലം ഉണ്ട്. നമ്മുക്ക് ചുറ്റുമുള്ള മനുഷ്യര്‍ അതില്‍ നിക്ഷേപം നടത്തുകയും പിന്‍വലിക്കുകയും ചെയ്യുന്നു. ചിലര്‍ നിക്ഷേപിച്ചുകൊണ്ടിരിക്കുന്നു. ചിലര്‍ നിക്ഷേപിക്കുകയും പിന്‍വലിക്കുകയും ചെയ്യുന്നു. ചിലര്‍ നിക്ഷേപിക്കുന്നതിനേക്കാള്‍ പിന്‍വലിക്കുന്നു. ചിലരാകട്ടെ കൂടുതല്‍ നിക്ഷേപിക്കുകയും കുറച്ച് പിന്‍വലിക്കുകയും ചെയ്യുന്നു. സാധാരണ ബാങ്കിനെക്കാള്‍ ഇതിനുള്ള ഒരു പ്രത്യേകത ഇതില്‍ നിക്ഷേപിക്കുന്നതിനേക്കാള്‍ കൂടുതല്‍ പിന്‍വലിക്കാന്‍ കഴിയും എന്നതാണ്. എങ്ങനെയാണ് നിക്ഷേപിക്കുന്നത് ഏത് രൂപത്തിലാണ് പിന്‍വലിക്കുന്നത്. പോസ്റ്റീവ് സ്ട്രോക്കിലൂടെ നിക്ഷേപം നടത്തുകയും നെഗറ്റീവ് സ്ട്രോക്കിലൂടെ പിന്‍വലിക്കുകയും ചെയ്യുന്നു. അങ്ങനെ വൈകാരിക ബാങ്ക് അക്കൊണ്ട് നിറഞ്ഞിരിക്കാം ശൂന്യമാകാം നെഗറ്റീവുമാകാം.  സ്റ്റീഫന്‍ ആര്‍ . കൊവെയുടെ വാക്കുകളില്‍ : 'ഒരു ബന്ധത്തില്‍ നിന്ന് പടുത്തുയര്‍ത്തുന്ന വിശ്വാസത്തെയാണ് വൈകാരിക ബാങ്ക് അക്കൌണ്ട് എന്ന പദം കൊണ്ട് വിവക്ഷിക്കുന്നത്. മറ്റൊരു സഹജീവിയുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്ക് അനുഭവപ്പെടുന്ന സുരക്ഷിതത്വബാധമാണത് ' 

പോസ്റ്റീവ് സ്ട്രോക്ക് (Positive Stroke)

സ്നേഹം, കാരുണ്യം, ബഹുമാനം, വിനയം, ദയ, സത്യസന്ധത, നീതി, നിങ്ങളോടുള്ള വാഗ്ദാനം പാലിക്കല്‍ തുടങ്ങിയ എല്ലാവരാലും വിലമതിക്കുന്ന മൂല്യങ്ങളിലൂടെ ഒരാള്‍ നിങ്ങള്‍ക്ക് നല്‍കുന്ന നല്ല ഒരു അനുഭവത്തെയാണ് പോസ്റ്റീവ് സ്ട്രോക്ക് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. സന്ദര്‍ഭോചിതമായി ഇവയിലേതെങ്കിലും ഒരു മൂല്യത്തെ മുന്‍നിര്‍ത്തി ഒരു പ്രവര്‍ത്തി ഞാന്‍ നിങ്ങളോട് അനുവര്‍ത്തിക്കുമ്പോള്‍ അതിലൂടെ നിങ്ങളുടെ വൈകാരിക ബാങ്ക് അകൊണ്ടില്‍ ഞാനൊരു നിക്ഷേപം നടത്തുകയായി. ഉദാഹരണത്തിന്. ഒരു നിലക്കും എനിക്ക് നിങ്ങളെ പരിചയമില്ല. ഞാന്‍ നിങ്ങളെ ബസ്സില്‍ വെച്ച് കണ്ടുമുട്ടുന്നു. ആദ്യമായി ഞാന്‍ നിങ്ങളുടെ മുഖത്ത് നോക്കി ഹൃദ്യമായി പുഞ്ചിരിക്കുന്നു. അതോടെ ഒരു ചെറിയ നിക്ഷേപം നിങ്ങളുടെ വൈകാരിക ബാങ്ക് അക്കൊണ്ടില്‍ ഞാന്‍ നടത്തിക്കഴിഞ്ഞു. അതോടൊപ്പം മാന്യമായ ഒരു അഭവാദനം കൂടിയായാലോ വീണ്ടും കരുതല്‍ നിക്ഷേപം വര്‍ദ്ധിക്കുകയാണ്. അതോടൊപ്പം ഒരു ഷെയ്ക് ഹാന്‍ഡ് കൂടി നടത്തിയാല്‍ കുറേകൂടി നിക്ഷേപമായി. എന്നോടുള്ള നിങ്ങളുടെ വിശ്വസം കൂടിവരികയാണ് . ഇങ്ങനെയാണ് പോസ്റ്റിവ് സ്ട്രോക്കുകളിലൂടെ വൈകാരിക ബാങ്ക് അക്കൌണ്ടില്‍ നിക്ഷേപം കൂടിക്കൊണ്ടിരിക്കുന്നത്.

നെഗറ്റീവ് സ്ട്രോക്ക് (Negative Stroke)

വെറുപ്പ്, ക്രൂരത, നിന്ദിക്കല്‍ , അഹങ്കാരം, കളവ്, അനീതി, വാഗ്ദത്ത ലംഘനം തുടങ്ങിയ അധാര്‍മികതയിലൂടെ ഒരു വ്യക്തിനിങ്ങളില്‍ ഏല്‍പിക്കുന്ന ഏത് അനുഭവവും നെഗറ്റീവ് സ്ടോക്കുകളാണ്. ഒരാളെ വെറുപ്പിക്കുന്ന ഒരു പ്രവര്‍ത്തനം അല്ലെങ്കില്‍ നിന്ദിക്കുന്ന ഒരു പ്രവര്‍ത്തനം നമ്മില്‍നിന്ന് ഉണ്ടായാല്‍ നാം അയാളുടെ വൈകാരിക ബാങ്ക് അകൊണ്ടില്‍നിന്ന് പിന്‍വലിക്കുകയാണ് ചെയ്യുന്നത്. ബാങ്ക് അക്കൊണ്ടില്‍ വലിയ നിക്ഷേപം നടത്തി ചെറിയ തുക പിന്‍വലിച്ചാല്‍ കരുതതല്‍ ധനത്തില്‍ കാര്യമായ കുറവുണ്ടാകില്ല എന്ന് നമുക്കറിയാം. എന്ന പോലെ നേരത്തെ ഞാന്‍ പറഞ്ഞ സംഭവത്തില്‍ സംഭാഷണമധ്യേ എന്റെ നാക്കുപിഴമൂലം ഒരു അസത്യം കടന്നുവന്നുവെന്ന് കരുതുക, അല്ലെങ്കില്‍ എന്റെ ചില പരാമര്‍ശം അദ്ദേഹത്തെ വേണ്ടത്ര പരിഗണിക്കാത്ത  തരത്തിലായി എന്ന് കരുതുക. ഞാന്‍ നടത്തിയ നല്ല നിക്ഷേപത്തില്‍ നിന്ന് ചെറിയ ഒരു പിന്‍വലിക്കലായിമാത്രമേ അത് മാറുകയുള്ളൂ. മറിച്ച് നേരത്തെ ഞാന്‍ നിക്ഷേപം നടത്തിയിട്ടില്ലെങ്കില്‍ ഞങ്ങള്‍ പിരിയുക ശൂന്യമായ വൈകാരിക അകൌണ്ടോട് കൂടിയായിരിക്കും. ചിലപ്പോള്‍ നെഗറ്റീവ് ആയെന്നും വരാം. പിന്നീട് അദ്ദേഹത്തെ സമീപിക്കേണ്ടി വന്നു എന്നിരിക്കട്ടേ അത്  മൈനുകള്‍ വിതറിയ യുദ്ധഭൂമിയിലേക്ക് പ്രവേശിക്കുന്നതിന് തുല്യമായിരിക്കും. (അവസാനിക്കുന്നില്ല)

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ